പുള്ളിക്കുപ്പായമിട്ട ഓര്‍മകള്‍
ആതിരാ ബാലന്‍
മേടമാസത്തിന്‍ വരവറിയിച്ചു കൊണ്ട് ഇളംതെന്നല്‍ മാമ്പൂമണവുമായെത്തി .ആ കുളിരില്‍ ആ തണുപ്പില്‍ ഒന്നുറങ്ങാന്‍ കൊതിക്കാത്തതാരാണുള്ളത്.അന്നൊരുദിനം, ബാല്യകാലത്തില്‍ പതിവായിരിക്കാറുള്ള മാഞ്ചോട്ടില്‍ പോയിരുന്നു.കാറ്റ് മെല്ലെ വന്നെന്നെതഴുകി.പിന്നിട്ട വഴികളിലൂടെ യാത്രചെയ്യുകയാണ് ഞാന്‍.കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആ ബാല്യകാലത്തിലേക്ക് ചിറകുവിരിച്ച് പറക്കാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്.ആ യാത്രക്കിടയില്‍ ഓര്‍മകളിലെ ഏതോ വഴിയില്‍ വാഹനം നിന്നു.നാടോടിക്കഥകളിലെ സ്വര്‍ഗത്തില്‍ നിന്നും ഏഴു കടലും മലയും കടന്ന് മാലാഖയെപ്പോലുള്ള സുന്ദരിയായ രാജകുമാരിയെ സ്വന്തമാക്കാന്‍ വരുന്ന മഴവില്‍ രാജകുമാരന്‍ അമ്മൂമയുടെ കഥയിലെ എപ്പോഴത്തെയും പ്രധാന കഥാപാത്രങ്ങളായിരുന്നു.
മുറ്റത്തു കളിച്ചുകൊണ്ടിരുന്ന എന്നെ പുതിയ പുസ്തകഞ്ചിയും പന്തയംവച്ച് കളിച്ചു നടന്ന മുയലിന്റെയും ആമയുടെയും ചിത്രങ്ങളടങ്ങിയ കുഞ്ഞിക്കുടയും കാട്ടി അച്ഛന്‍ മാടി വിളിച്ചു. “വാവേ..ഇങ്ങു വന്നേ....”എപ്പോഴും വിളിക്കുമ്പോള്‍ പോകാന്‍ മടച്ചിരുന്ന ഞാന്‍ അന്ന് സന്തോഷത്തോടെ അച്ഛനരികിലേക്ക് ഓടി. അന്നത്തെ സന്തോഷം കളയാന്‍ കറമ്പിരാവ് വന്നു.ആകാശത്തെ അമ്പിളിമാമന്‍ എന്നെ നോക്കി.രാത്രിയില്‍
ഉറങ്ങാന്‍ നേരം പുതിയ വിദ്യാലയവും കുഞ്ഞി പൂമ്പാറ്റകളെയും കാണാന്‍ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു. അന്നെനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.കണ്ണടച്ച് തുറക്കും പോലെ നേരം പുലര്‍ന്നു. അമ്മ എന്നെ പുള്ളിക്കുപ്പായമിടീപ്പിച്ചു. അഛനോടൊപ്പം യാത്ര അയച്ചു. ഞങ്ങള്‍ പോകുന്നത് പാടത്തുനിന്നും അമ്മ നോക്കി നിന്നു. അമ്മയെ വിട്ട് പുതിയ കൂട്ടുകാര്‍ക്കിടയില്‍ പോകാന്‍ എന്റെ മനസൊന്ന് വേദനിച്ചു. എന്റെ കണ്ണില്‍ നിന്നും കണ്ണുനീരിറ്റുവീഴാന്‍ തുടങ്ങി. സ്വപ്നത്തില്‍ മുഴുകിയിരിക്കെ വിദ്യാലയത്തിലെ മണിമുഴങ്ങുന്നതു കേട്ടു. സ്വപ്നം പൂര്‍ത്തിയാക്കാനാവാതെ ഞാന്‍ ക്ലാസിലേക്ക് നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ